കുറവിലങ്ങാട്: പാലാ രൂപതയിലെ മികച്ച കുടുംബകൂട്ടായ്മ യൂണിറ്റിനുള്ള അവാർഡ് കുറവിലങ്ങാട് ഇടവകയ്ക്ക്. അസിസ്റ്റന്റ് വികാരിയും കുടുംബകൂട്ടായ്മ ഡയറക്ടറുമായ ഫാ. പോൾ കുന്നുംപുറത്ത്, ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവരുടെ നേതൃത്വത്തിൽ സോൺ, യൂണിറ്റ് ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങി.
മൂവായിരത്തിലേറെ വരുന്ന കുടുംബങ്ങളെ ഉൾക്കൊള്ളിച്ച് നാല് സോണുകളിലായി 81 കുടുംബ യൂണിറ്റുകളാണ് ഇടവകയിൽ പ്രവർത്തിക്കുന്നത്. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ എന്നിവർ സോൺ ഡയറക്ടർമാരായി പ്രവർത്തനൾക്ക് നേതൃത്വം നൽകുന്നു.
ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടുകാട്ടിൽ എന്നിവർ ലീഡർമാരും ജോളി എണ്ണംപ്രായിൽ, ഷൈനി മഞ്ഞപ്പള്ളിൽ, സ്മിത പുതിയിടത്ത്, ആശ കുന്നുമല എന്നിവർ സെക്രട്ടറിമാരുമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ക്രമീകരിക്കുന്നത്.
പ്രാർഥിക്കുന്ന കൂട്ടായ്മ, പ്രവർത്തിക്കുന്ന സമൂഹം എന്ന ആപ്തവാക്യത്തിൽ ഊന്നിയ കർമപദ്ധതികളാണ് ഇടവകയിൽ നടപ്പിലാക്കിയത്. യൂണിറ്റുകളിലായി റോഡ് ശുചീകരണം, വഴി നിർമാണം, ചികിത്സാസഹായം, ഭവന നിർമാണം, നേതൃ പരിശീലന പരിപാടികൾ, പ്രവർത്തന മാർഗരേഖാ പ്രകാശനം, ഭാരവാഹികൾക്ക് കൈപ്പുസ്തകം പ്രസിദ്ധീകരിക്കൽ, ലഹരിവിരുദ്ധ ജാഗ്രതാ വാരം, വചനമനന പഠനമത്സരങ്ങൾ, അഖണ്ഡ ബൈബിൾ പാരായണം, കുടുംബകൂട്ടായ്മ ഗാനം ചിട്ടപ്പെടുത്തൽ, രാമപുരം കുഞ്ഞച്ചൻ, അരുവിത്തുറ വല്യച്ചൻമല തീർഥാടനങ്ങൾ എന്നിവ അവാർഡിനായി പരിഗണിച്ചിരുന്നു. ഛത്തീസ്ഗഡ് ക്രൈസ്തവപീഡനങ്ങൾക്കെതിരേയുള്ള പ്രതിഷേധം, ഹോം മിഷൻ പദ്ധതി, യുവജന സംഗമങ്ങൾ, കാർഷിക ഉത്പന്ന സമാഹരണം, ജീവകാരുണ്യ ഫണ്ട് രൂപീകരണം, മരിയൻ പഠനം, ജപമാല റാലി, സോൺതല തിരുനാളുകൾ എന്നിവയും നടത്തിയിരുന്നു.